മലയാളം ഓഡിയോ ബുക്ക്സ്
Cart 0

ഷെര്‍ലക് ഹോംസ്: ചുരുളഴിയുന്ന 'രഹസ്യങ്ങള്‍'

audiobooks malayalam audiobooks malayalam novels sherlock holmes sherlock holmes in malayalam

വട്ടത്തൊപ്പിയും മുട്ടോളമിറക്കമുള്ള കോട്ടും ചുണ്ടിലെരിയുന്ന പൈപ്പും! നമ്മുടെ സങ്കല്‍പ്പത്തിലെ എല്ലാ ഡിക്ടറ്റീവുമാര്‍ക്കും ഇതാണ് വേഷം. സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ ജന്മം നല്‍കിയ വിഖ്യാത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസില്‍ നിന്നാണ് ഈ വേഷഭൂഷകള്‍ മറ്റ് ഡിറ്റക്ടീവുമാരും സ്വീകരിച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് ഒരിക്കലും വട്ടത്തൊപ്പി ധരിച്ചിരുന്നില്ലെന്ന സത്യം എത്രപേര്‍ക്ക് അറിയാം. പുസ്തകത്താളുകള്‍ക്ക് പുറത്തേക്ക് വളര്‍ന്ന ഹോംസുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി കൗതുകങ്ങളുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചാലോ?

1. ഷെറിന്‍ഫോര്‍ഡ്, ഷെര്‍ലക് ആയ കഥ!

            തന്റെ നായകന് കൊനാന്‍ ഡോയല്‍ ആദ്യമിട്ട പേര് ഷെറിന്‍ഫോര്‍ഡ് എന്നായിരുന്നു, പിന്നീട് അത് ഷെര്‍ലക് ഹോംസ് എന്ന് മാറ്റി. ഈ പേര് മാറ്റത്തിന് പിന്നിലൊരു കഥയുണ്ട്! ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്ന ഡോയല്‍ അക്കാലത്തെ പ്രമുഖ ക്രിക്കറ്റ് താരം വില്യം ഷെര്‍ലോക്കിന്റെ പേര് തന്റെ കഥാപാത്രത്തിന് നല്‍കുകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കൊനാന്‍ ഡോയലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. 1988 മുതല്‍ 1907 വരെ ആദ്ദേഹം മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്.

kathacafe, malayalam audiobooks

2. തുടക്കം പരാജയം

            എഡ്ഗാര്‍ അലന്‍ പോയുടെ രചനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊനാന്‍ ഡോയല്‍ ഷെര്‍ലക് ഹോംസിന് രൂപം നല്‍കിയത്. ഹോംസിനെ നായകനാക്കി ഡോയല്‍ എഴുതിയ ആദ്യ നോവല്‍, എ സ്റ്റഡി ഇന്‍ സ്‌കാര്‍ലറ്റ് വന്‍പരാജയമായിരുന്നു. പ്രമുഖ പ്രസാധകരാരും ഇത് പുറത്തിറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ബീറ്റണ്‍സ് ക്രിസ്മസ് ആന്വലിലൂടെ വെളിച്ചം കണ്ടെങ്കിലും വായനക്കാരുടെ മനസ്സിലിടം പിടിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ തുടര്‍ന്നുവന്ന കൃതികള്‍ ചരിത്രം ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, ഷെര്‍ലക് ഹോംസ് ലോകമെമ്പാടുമുള്ള വായനക്കാരുടെ ആരാധനാപാത്രമായി തീരുകയും ചെയ്തു.


3. ആ വട്ടത്തൊപ്പി ഹോംസിന്റേതല്ല!

            ഹോംസിന്റെ വേഷഭൂഷകളുടെ ഭാഗമായി നാം ഇന്ന് കാണുന്ന വട്ടത്തൊപ്പി കൊനാന്‍ ഡോയല്‍ അദ്ദേഹത്തിനെ അണിയിച്ചതല്ല! ഈ തൊപ്പിയുടെ കാര്യം കൃതികളില്‍ ഡോയല്‍ പരാമര്‍ശിച്ചിട്ട് പോലുമില്ലത്രേ. പിന്നെ ആരാണ് ഹോംസിനെ വട്ടത്തൊപ്പി വയ്പ്പിച്ചത്. ഷെര്‍ലക് ഹോംസിനെ ആദ്യമായി വരച്ച സിഡ്‌നി പേഗറ്റ് ആണ് തൊപ്പി ധരിപ്പിച്ച് ഹോംസിനെ വായനക്കാര്‍ക്കിടയിലേക്ക് ഇറക്കിവിട്ടത്. 1891-ല്‍ സ്ട്രാന്‍ഡ് മാസിക പ്രസിദ്ധീകരിച്ച എ സ്‌കാന്‍ഡല്‍ ഇന്‍ ബൊഹെമിയ എന്ന കഥയ്ക്ക് വേണ്ടിയാണ് പേഗറ്റ് ഹോംസിനെ ചിത്രീകരിച്ചത്. കഥകളും രൂപവും ഹിറ്റായതോടെ ഹോംസ് സ്ഥിരം തൊപ്പിക്കാരനായി മാറി.

4. എല്ലാം ശാസ്ത്രമയം

            വിരലടയാളം പോലുള്ള ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ കുറ്റാന്വേഷണം നടത്തിയ ആദ്യ ഡിക്ടറ്റീവാണ് ഷെര്‍ലക് ഹോംസ്! ലോകപ്രശസ്ത കുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഇത്തരം ശാസ്ത്രീയ തെളിവുകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയത് 1901 മുതലാണ്. ഹോംസ് 1890-ല്‍ തന്നെ വിരലടയാളം ഉപയോഗിച്ച് കേസ് തെളിയിച്ചിരുന്നു. എത്ര ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് മുറിവ് പരിശോധിച്ച് കണ്ടെത്തുന്ന വിദ്യയും ആദ്യം ഉപയോഗിച്ചത് ഹോംസ് തന്നെ.

5. വെള്ളിത്തിരിയിലും സൂപ്പര്‍സ്റ്റാര്‍

            ഏറ്റവും കൂടുതല്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട സാങ്കല്‍പ്പിക കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. ഹോംസിനെ നായകനാക്കി 226 ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയില്‍ അധികവും തിയേറ്ററുകളില്‍ എത്തിയത് ആയിരത്തി എണ്ണൂറുകളിലാണ്. ഇക്കാര്യത്തില്‍ ഹോംസിനെ കടത്തിവെട്ടിയ ഒരാളേയുള്ളൂ, ഡ്രാക്കുള. 239 സിനിമകളില്‍ ഡ്രാക്കുള നായകനായിട്ടുണ്ട്. നാടകങ്ങളിലും സിനിമയിലും ഹോംസിനെ അനശ്വരനാക്കിയ നടനായിരുന്നു വില്യം ഗില്ലറ്റ്. അദ്ദേഹം 1300 വേദികളില്‍ ഹോംസിനെ അവതരിപ്പിച്ചു. ഷെര്‍ലക് ഹോംസ് കൃതികളെ അടിസ്ഥാനമാക്കി നിരവധി ടിവി പരമ്പരകളും വന്നിട്ടുണ്ട്.

6. 221 ബി ബേക്കര്‍ സ്ട്രീറ്റ്

            ഹോംസിന്റെ വിലാസമായ 221 ബി ബേക്കര്‍ സ്ട്രീറ്റിനെ കുറിച്ചും നിരവധി നിഗൂഢതകളുണ്ട്. ഈ കഥകള്‍ എഴുതിയ കാലത്ത് ബേക്കര്‍ സ്ട്രീറ്റില്‍ വിലാസം 221 ബി വരെയൊന്നും എത്തിയിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിലാസത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് കൊനാന്‍ ഡോയലും മനസ്സ് തുറന്നിട്ടില്ല. അതെന്തായാലും ഷെര്‍ലക് ഹോംസിനെ തേടി ഈ വിലാസത്തിലേക്ക് നിരവധി കത്തുകളും മറ്റും എത്താറുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെയാണ് ഷെര്‍ലക് ഹോംസ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

malayalam audiobooks

7. മരണവും പുനര്‍ജന്മവും

            ആരാധകരുടെ മനസ്സ് കീഴടക്കി മുന്നേറുന്നതിനിടെ സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ ഹോംസിനെ 'വധിക്കാന്‍' തീരുമാനിച്ചു. ഇതില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തിന്റെ അമ്മയും പ്രസാധകനും ആവശ്യപ്പെട്ടെങ്കിലും ഡോയല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഹോംസ് അര്‍ഹിക്കുന്ന മരണം നല്‍കുകയായിരുന്നു ഡോയലിന് മുന്നിലുളള വെല്ലുവിളി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അവധി ആഘോഷിക്കുന്നതിനിടെ ഹോംസ് റെയ്‌ക്കെന്‍ബാക്ക് വെള്ളച്ചാട്ടം കാണാനെത്തി. ഇത് തന്നെയാണ് അവസരമെന്ന് മനസ്സിലാക്കിയ ഡോയല്‍ തന്റെ പ്രിയ നായകനെ ആ വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു! ദ ഫൈനല്‍ പ്രോബ്ലം എന്ന കഥയിലാണ് ഡോയല്‍ ഹോംസിന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

            ഷെര്‍ലക് ഹോംസിന്റെ മരണത്തോടെ ഡോയലിന്റെ വരുമാനം കുത്തനെയിടിഞ്ഞു. ഹോംസ് കൃതികള്‍ നാടകമാക്കി പ്രശ്‌നം പരിഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യശ്രമം. ഇത് പരാജയപ്പെട്ടതോടെ ഹോംസിന് പുനര്‍ജന്മനം നല്‍കാന്‍ ഡോയല്‍ നിര്‍ബന്ധിതനായി. സ്ട്രാന്‍ഡ് മാസിക പ്രസിദ്ധീകരിച്ച ദ ഹൗണ്ട് ഓഫ് ബാസ്‌കര്‍വില്ലിയിലൂടെ ഹോംസ് പുനരവതരിച്ചു. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഹോംസിന്റെ മരണത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ നടന്ന സംഭവമായാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.



Older Post Newer Post


Leave a comment