
ഓജോ ബോർഡ്
പാർക്കിന്റെ വടക്കുഭാഗത്തെ റോഡിൽക്കൂടി നടന്നാൽ അവസാനം എത്തുക ഒരു ഒറ്റപ്പെട്ട പഴയ വില്ലയിലാണ്. ആ വീടിനെപ്പറ്റി നല്ല കഥകളല്ല പുതുതലമുറക്കാർ കേട്ടിട്ടുള്ളത്. അവിടെ ആളുകൾ താമസിക്കാറില്ല. പത്തിരുപത് കൊല്ലം മുൻപ് അവിടെ പോളിടെക്നിക്കിൽ പഠിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാർ വന്ന് വാടകയ്ക്ക് താമസിച്ചിരുന്നു. അതിലൊരാൾ അവിടെ തൂങ്ങിമരിച്ചു. പിന്നീടങ്ങോട്ടാണ് കുഴപ്പങ്ങൾ രൂക്ഷമായത്. അവിടെയുണ്ടായിരുന്ന ബാക്കി ഉള്ള ചെറുപ്പക്കാർ ഓരോന്നായി ദുർമരണത്തിനിരയായി. ഒടുവിൽ ബാക്കി വന്ന രണ്ടു പേർ അവിടെ നിന്നും രക്ഷപെട്ടു സ്വന്തം വീടുകളിലേയ്ക്ക് പോയി. അവരും താമസിയാതെ മരണപ്പെട്ടു. സ്വന്തം വീട്ടിൽ നിന്നും കാണാതായ അവരുടെ മൃതശരീരങ്ങൾ കിട്ടിയത് ഈ വീട്ടിൽ നിന്നാണ്. അവർ എങ്ങനെ അവിടെയെത്തി മരണത്തിന് കീഴടങ്ങി എന്ന് പോലീസിനും കണ്ടെത്താനായില്ല. അതിന് ശേഷം ആ വീട്ടിൽ ആരും ഒരു രാത്രി തികച്ച് താമസിച്ചിട്ടില്ല. ഈ വീട്ടിലാണ് സാഹസികരായ ഒരു സംഘം ചെറുപ്പക്കാർ താമസത്തിനെത്തുന്നത്. അവർക്ക് ഒരിക്കലും സങ്കല്പിക്കാനാകാത്ത സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്.
തന്റെ പതിനേഴാം വയസ്സിലാണ് അഖിൽ പി ധർമ്മജൻ ഓജോബോർഡ് എന്ന നോവൽ എഴുതുന്നത്. പബ്ലിഷേഴ്സിനെ ലഭിക്കാൻ പ്രയാസമായതിനാൽ ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 14000-ത്തോളം വായനക്കാർ ഫേസ്ബുക്കിലൂടെ ഈ നോവൽ ആസ്വദിച്ചിരുന്നു . ഫേസ്ബുക് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഓജോബോർഡ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആമസോണിൽ ഹൊറർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തു എത്തിയതോടെയാണ് ഓജോബോർഡ് കൂടുതൽ ജനശ്രദ്ധയാകർഷിച്ചത്.
മലയാളത്തിൽ ഇതിന് മുൻപും കഥാകഫേയും മറ്റുള്ളവരും ഓഡിയോ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അഞ്ചു മണിക്കൂറിലേറെ ദൈർഖ്യമുള്ള ഒരു ഓഡിയോ നോവൽ പ്രസിദ്ധീകരിക്കുന്നത്. ഒരു ഹൊറർ നോവൽ ആയതിനാൽ ഉചിതമായ പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്.
ശബ്ദാവിഷ്കാരം :- റെജി കലവൂർ
ദൈർഖ്യം :- 5 മണിക്കൂർ
Be Ready to be Scared !!!!!